Wednesday, 6 March 2019

വീരപ്പുലിയുടെ ഓർമ്മയും നൊമ്പരവും

വീരപ്പുലിയെന്നത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ചെറിയൊരു ഗ്രമമാണ്. ഞങ്ങൾ താമസിച്ചിരുന്ന ഊരിൽ നിന്നും (ഊരക്കോണം എന്ന ഉര്) ഏതാണ്ട് രണ്ട് മൈൽ അകലെയാണി സ്ഥലം. എല്ലാ ദിവസവും ഞങ്ങൾ സ്കൂളിൽ പോയിരുന്നത് ഈ വഴിക്കാണ്. ഉയർന്ന പ്രദേശങ്ങൾ മിക്കവാറും റബർത്തോട്ടങ്ങൾ, താഴ്ന്നവ നെല്ലും വാഴയും സമൃദ്ധമായി വളരുന്ന ദേശം. മിക്കതും മലയാളികളുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലുമുള്ളവ. കനാലിറങ്ങിക്കടന്നു ചെറിയ പാടവരമ്പിലൂടെ നടന്ന് കയറുന്നത് ഇരു വശവും വീടുകൾ തിങ്ങി നിറഞ്ഞ മൺപാതയിലൂടെയാണ്. വീടുകൾ കളിമൺ കുഴച്ചു നിർമ്മിച്ച ഭിത്തികൾ ഉള്ളവ.  വീടുകൾക്കും, മൺപാതക്കും ഒരേ നിറം. മൺപാത അവസാവിക്കുന്നതിന് മുൻപുള്ള വളവിൽ, ചെറിയ മുറ്റത്തെ പുളിമരത്തിൽ കെട്ടിയിടപ്പെട്ട കുട്ടിക്കുരങ്ങൻ കൈ നീട്ടുന്നത് എന്തെങ്കിലും കിട്ടും എന്ന ആശയിലാവണം. അവൻ്റെ നിറത്തിനും ഏതാണ്ട് മൺപാതയുടെ നിറം തന്നെ. വർഷങ്ങളായി ചങ്ങലയുടെ നീളത്തിൻ്റത്ര മാത്രം സ്വാതന്ത്ര്യം അനുഭവിച്ചതുകൊണ്ട് അങ്ങനെ രൂപാന്തരപ്പെട്ടതാവാം.

 പാതയുടെ അവസാനം ഇത്തിരി നല്ല വീടുകളുണ്ട്, സിമൻ്റിട്ട് ഇഷ്ടിക വച്ച് പണിതവ. മെയിൻ റോഡിലേക്ക് എത്താറായതിൻ്റെ സൂചനകളാണവ. വീരപ്പുലിയിലെത്തിയാൽ വീണ്ടും ഏതാണ്ട് അത്ര ദൂരം ടാറിട്ട റോഡുവഴി നടക്കണം സകൂളിലെത്താൻ. വേഗം കൂട്ടി നടത്തം തുടർന്നു.

അന്ന് ആഴ്ചയുടെ ആദ്യ ദിവസമാണെന്നാണ് ഒർമ്മ. ചെറിയ ചാറ്റൽ മഴയുണ്ട്. വീരപ്പുലിയിലെത്തി ഇടവഴിയിൽ നിന്ന് റോഡിലേക്ക് കയറുമ്പോൾ ഒരാൾക്കൂട്ടം. സാധാരണ കുത്തിക്കിലുക്കു കാരനും (ഒരു തരം ചൂതാട്ടം) നാടോടി നാടകക്കാർക്കും കിട്ടുന്ന ആൾക്കൂട്ടം. സ്വാഭാവികമായ ജിജ്ഞാസയോടെ ആൾക്കൂട്ടത്തിനിടയിലൂടെ കുത്തിത്തിരുകി കയറി ഒന്നെത്തിനോക്കി. കറുത്തു മെലിഞ്ഞ, മുഷിഞ്ഞ ചെളിപുരണ്ട നീല ഷർട്ടും വരയൻ മുണ്ടും ഇട്ട ഒരു മനുഷ്യൻ മഴ നനഞ്ഞ് കൂനി കൂടിയിരിക്കുന്നു. ആൾകൂട്ടത്തിൽ നിന്ന് ചിലർ അസഭ്യം പറയുകയും വടികൊണ്ട് തല്ലുകയും ചെയ്യുന്നു.  എന്നിട്ടും നിസ്സഹായനായി ദയനീയ സ്ഥിതിയിൽ ഇരിക്കുന്ന അയാൾ ഒന്നും മിണ്ടുന്നില്ല. എന്നിലെ നാലാം ക്ലാസ്സുകാരന് ഒന്നു മനസ്സിലായില്ല. ആരോ വീണ്ടും വീണ്ടും വിളിച്ചു പറയുന്നു വാഴക്കുലക്കള്ളൻ എന്ന്. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അയാളുടെ തൊട്ടരുകിൽ ഒരു ചെറിയ നേന്ത്രക്കുല, മോഷ്ടിച്ചതു തന്നെയാവണം. പെട്ടെന്ന് എന്തോ ഒരു മൂടൽ മനസ്സിനെ ബാധിച്ചു. ആകാംഷയോടെ നോക്കിയത്  മനസ്സിനെ മുറിപ്പെടുത്താൻ മാത്രം ദയനീയമായ നിസഹായമായ നിറഞ്ഞ കണ്ണുകളിലേക്ക്. ഞാൻ തിരിഞ്ഞ് വീണ്ടും സ്കൂളിലേക്ക് നടപ്പു തുടർന്നു. 

അയാളുടെ വേദനിപ്പിക്കുന്ന മൗനം എന്നിലേക്ക് പടർന്ന പോലെ. ആ കണ്ണും മുഖവും എൻ്റെ കുഞ്ഞു മനസ്സിൽ മായാതെ നിന്നു. ഒരു പക്ഷേ വിശന്നിട്ടു എടുത്തതാണെങ്കിലോ? അല്ലെങ്കിൽ അയാളുടെ വീട്ടിൽ ഒട്ടിയ വയറുമായി അപ്പൻ്റെ വരവു കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടെങ്കിലോ? എന്നെ ഉലച്ചത് അത് മാത്രമായിരുന്നു. സ്കൂളിൽ ഉച്ചക്കഞ്ഞിയുടെ സമയം പാത്രം പിടിച്ച് വരിനിൽക്കാൻ മനസ്സു വന്നില്ല.  കൂട്ടുകാരെല്ലാവരും സ്ഥലം പിടിക്കാൻ ഓടുന്നതും നോക്കി വരാന്തയിൽ തന്നെ നിന്നു. വെന്ത ചോറിൻ്റെയും, പരിപ്പുകറിയുടേയും വാസന വന്നിട്ടും വിശന്നില്ല. 

സകൂൾ വിട്ട് തിരികെ വരുമ്പോൾ വീരപ്പുലി ജംക്ഷനിലെ ആ മനുഷ്യൻ ഇരുന്ന സ്ഥലത്ത്  നോക്കി. ആരുമില്ലവിടെ! പിന്നീടെന്തു സംഭവിച്ചിട്ടുണ്ടാവും? പോലീസ് വന്ന് കൊണ്ടു പോയിട്ടുണ്ടാവാം. അയാളുടെ കുഞ്ഞുങ്ങൾ കാത്തിരിക്കുന്നുണ്ടാവുമോ? അവരുടെ വിശപ്പു മാറിയിട്ടുണ്ടാവുമോ? ഒരു വാഴക്കുലക്ക് കുറേ മനുഷ്യ ജീവിതങ്ങളെക്കാൾ, അവരുടെ വിശപ്പിനേക്കാൾ വിലയുണ്ടാവുമോ? മോഷ്ടിക്കുന്നത് തെറ്റാണെന്നറിയാവുന്ന  പ്രായമാണ് അന്ന്, പക്ഷേ ആ ആൾക്കൂട്ടത്തോട് വെറുപ്പു തോന്നി.

മുപ്പത് വർഷങ്ങൾക്ക് മുമ്പ് കണ്ട മുഖങ്ങളാണത് ! മനുഷ്യന് മാറ്റമൊന്നുമില്ല. കാലങ്ങൾക്കിപ്പുറം, വിശന്നുവലഞ്ഞ മധുവിൻ്റെ മുഖത്തിനും, തല്ലിക്കൊന്ന ആൾക്കൂട്ടത്തിനും അതേ ഛായ തന്നെ!

Santhosh Dominic Thundathil

No comments:

Post a Comment