Friday, 29 March 2019

രാജനും, റൂബിയും, കട്ടയാനും



പേരുകൾ കേൾക്കുമ്പോൾ ഒരു പക്ഷേ മനഷ്യരാണെന്ന് തോന്നിയേക്കാം, പക്ഷേ ഇവയെല്ലാം ഞങ്ങൾ വളർത്തിയിരുന്ന നായകളുടെ പേരാണ്. രാജൻ വെളുത്ത് നീണ്ട നായയായിരുന്നു. അവനെക്കുറിച്ച് വളരെ ചെറിയ ഓർമ്മകളെ എനിക്കുള്ളൂ. പപ്പയുടെ ബുള്ളറ്റിൻ്റെ ശബ്ദം ദൂരെ നിന്ന് തന്നെ അവന് മനസ്സിലാവുമായിരുന്നു എന്നും, ഉറക്കെക്കുരച്ചു കൊണ്ട് ശബ്ദം ലക്ഷ്യമാക്കി ഓടുമായിരുന്നു എന്നും അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. മാർത്താണ്ഡത്തെ എസ്റ്റേറ്റിൽ നിന്ന് സ്ഥലം മാറി അരുമനല്ലൂർക്ക്  പോന്നപ്പോൾ രാജനെ അവിടെ വിട്ടു പോന്നു. പുതിയ സ്ഥലത്തെ വാടക വീട്ടിൽ അവനെ വളർത്താൻ ബുദ്ധിമുട്ടായതിനാലാവാം അതിനെ കൂടെ കൂട്ടാഞ്ഞത്. പിന്നെ എന്തു പറ്റിയെന്ന് അറിവില്ല. ആരുടെയെങ്കിലും കൂടെ കാവൽ കിടന്ന് ജീവിച്ചിട്ടുണ്ടാവാം ശിഷ്ടകാലം.

കട്ടയാൻ
"കട്ടയാൻ" എന്നാൽ പൊക്കം കുറഞ്ഞവൻ എന്നാണർത്ഥം. റൂബിയുടെ ഒരു പ്രസവത്തിലുണ്ടായ ഒറ്റക്കുട്ടിയായിരുന്നു അവൻ. നല്ല ഉശിരുള്ളവൻ. വേട്ടക്കാരൻ! ഞങ്ങളുടെ കൂടെ സദാ സമയവും ഉണ്ടാവും. ഒരിക്കൽ അവൻ്റെ കൈ കാട്ടുപന്നി കടിച്ചൊടിച്ചിട്ടുണ്ട്. കൂട്ടമായി വരുന്ന കാട്ടുപന്നികളുടെ ഇടയിൽ കയറി ഒരു പന്നിക്കുട്ടിയെ പിടിച്ചതിന് തള്ളപന്നിയിൽ നിന്ന് കിട്ടിയ സമ്മാനം. ഞങ്ങൾതന്നെ തടി സ്കെയിൽ ഉപയോഗിച്ച് കെട്ടിവിട്ടു. കുറേ നാളുകൾ കൊണ്ട് അത് സുഖപ്പെടുകയും ചെയ്തു. ഇടക്കെപ്പഴോ കട്ടയാൻ്റെ ഒരു കണ്ണിനു പരുക്കു പറ്റി കാഴ്ച്ച നഷ്ടപ്പെട്ടു. അന്ന് വേലിക്ക് പകരം വലിയ മുള്ളുള്ള കറ്റാർവാഴകളാണ് അതിരുകളിൽ വച്ചു പിടിപ്പിച്ചിരുന്നത്. ആ മുള്ളു കൊണ്ട് കണ്ണു പോയതാണ്. ഒരു കണ്ണിനെ കാഴ്ച്ചയുള്ളെങ്കിലും മിടുക്കനായിരുന്നു. സ്ഥലം മാറി കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടപ്പോൾ അവനെ ആർക്കോ കൊടുത്തു. രാജൻ്റെ അവസ്ഥ തന്നെ അവനും വന്നിട്ടുണ്ടാവും.

റൂബി
റൂബി എല്ലാവരുടെയും പ്രിയപ്പെട്ട നായക്കുട്ടിയായിരുന്നു. പരിചയമില്ലാത്ത ആരു വന്നാലും അവളുടെ അനുവാദം കൂടാതെ വീടിൻ്റെ വളപ്പിൽ പ്രവേശിക്കുവാൻ സാധിക്കില്ല. പൊതുവെ വളരെ ശാന്ത സ്വഭാവമുള്ള അവളുടെ ദേഷ്യം കാണണമെങ്കിൽ പുറത്തു നിന്ന് ആരെങ്കിലും പറമ്പിൽ കയറണം. അങ്ങനെ ശ്രമിച്ച ആരും പിന്നീടാവഴി വന്നിട്ടുമില്ല. അത്രക്കുണ്ട് അവളുടെ ശൗര്യം. നായ എന്നതിലുപരി വീട്ടിലെ ഒരു അംഗമായിരുന്നു റൂബി. എല്ലാ പ്രസവത്തിലും അവൾക്ക് രണ്ട് കുട്ടികളിൽ കൂടുതൽ കണ്ടിട്ടില്ല. അവസാനത്തെ ഒഴികെ.

അന്ന് ഞങ്ങളുടെ വീട്, കശുമാവും, റബറും, മാവുമൊക്കെയുള്ള നാലേക്കർ പുരയിടത്തിലാണ്. റൂബി പുരയിടത്തിൻ്റെ അതിർത്തികൾ കൃത്യമായറിയുന്നത് എങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷേ മനുഷ്യരുടെ ഗന്ധം കൃത്യമായി അറിയാവുന്നത് കൊണ്ട്, ഞങ്ങൾ പെരുമാറുന്ന സ്ഥലങ്ങൾ മനസിലാക്കിയാവാം ഈ കൃത്യത. ധാരാളം കുറുക്കൻമാരും, കാട്ടുപൂച്ചകളുമൊക്കെയുള്ള സ്ഥലമായതിനാൽ കോഴിക്കൂടിന് വലിയ സംരക്ഷണം റൂബിയായിരുന്നു. ഒരു സാധാരണ നായയുടെ രണ്ടിരട്ടി വലുപ്പമുള്ള കാട്ടുപൂച്ചകളെയാണ് മിക്കവാറും കണ്ടിട്ടുള്ളത്. എതിർക്കാൻ ചെന്നാൽ കൈയ്യുയർത്തി നായയുടെ മുഖത്തടിക്കും, വലിയ കൂർത്ത നഖങ്ങൾ അപകടകരമാണ് താനും. എങ്കിലും അവയെ എതിർക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.

അവസാനമായി അവൾക്ക് നാലു കുട്ടികളുണ്ടായി. ആദ്യമായിട്ടാണ് രണ്ടിൽ കൂടുതൽ ഉണ്ടായത്. അത് അവളെ അനാരോഗ്യത്തിലേക്ക് തള്ളിയിട്ടു എന്നു വേണം കരുതാൻ. വളരെ അവശതയിൽ അവൾ നടക്കുന്നത് കണ്ടു. സമീപത്തുള്ള ഒരു പറമ്പിലെ പണി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡിലായിരുന്നു കുഞ്ഞുങ്ങൾ. പിറ്റേ ദിവസം പറമ്പിൻ്റെ അങ്ങേ വശത്ത് തീർത്ത് അവശതയിൽ റൂബി കിടക്കുന്നത് ഞങ്ങൾ കുട്ടികൾ കുറേ നേരം നോക്കി നിന്നു. അധികം താമസിക്കാതെ അത് ചത്തുപോകുമെന്ന് ഞങ്ങൾക്ക് മനസിലായി. സന്ധ്യവരെ അനങ്ങാൻ വയ്യാതെ അവിടെത്തന്നെ കിടന്നു. അന്നു തന്നെ അത് ചത്തുപോകുമെന്ന് മനസസിലായിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ നായ കിടത്തിരുന്ന സ്ഥലത്തേക്കെത്തി. പക്ഷേ റൂബി അവിടെയില്ലായിരുന്നു. തൊട്ടടുത്ത പിച്ചിപ്പൂന്തോട്ടത്തിലും, വലിയ പള്ളിമരച്ചോട്ടിലും എല്ലാം നോക്കി, പക്ഷേ എവിടെയും കണ്ടില്ല. അവൾക്കെന്തു പറ്റി എന്ന് ഞങ്ങൾ അലോചിച്ചിട്ട് ഒരെത്തു പിടിയുമില്ല. കുറേയേറെ നേരം ഞങ്ങൾ തിരഞ്ഞു സ്ഥലമുണ്ടായില്ല. തിരികെ വരുന്ന വഴിക്ക് നായ് കുട്ടികൾ കിടക്കുന്ന ഷെഡിലെത്തിയഞങ്ങൾ അമ്പരന്നു! റൂബി അത്രയും ദൂരം താണ്ടി കുഞ്ഞുങ്ങളുടെയടുത്ത് ആ രാത്രിയിൽ എത്തിയിരിക്കുന്നു. കുഞ്ഞുങ്ങൾ തകൃതിയിൽ പാൽ കുടിക്കുന്നുണ്ട്. അടുത്തുചെന്ന എൻ്റെ ഉള്ളൊന്നു പിടഞ്ഞു ജീവനില്ലാത്ത റൂബിയാണത്. അവശയാണെങ്കിലും എപ്പോഴോ കുഞ്ഞുങ്ങളുടെ അടുത്തെത്തി പാൽ ചുരത്തിയിരിക്കുന്നു.  ജീവജാലങ്ങളേ തായാലും മാതൃത്വത്തിൻ്റെ ആഴം അളക്കാൻ പറ്റാത്തതാണെന്നു അന്നു മനസ്സിലായി. ജീവൻ വെടിഞ്ഞിട്ടും കുഞ്ഞുങ്ങൾക്കായ് പാൽ ചുരത്തുന്ന മാതൃത്വത്തിൻ്റെ വാത്സല്യം ഇന്നും തെളിവോടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

നായകളുടെ കഥ ഇവിടെ അവസാനിക്കുന്നു. പിന്നീടൊരിക്കലും ഞങ്ങൾ നായകളെ വളർത്തിയിട്ടില്ല.




Wednesday, 6 March 2019

വീരപ്പുലിയുടെ ഓർമ്മയും നൊമ്പരവും

വീരപ്പുലിയെന്നത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ചെറിയൊരു ഗ്രമമാണ്. ഞങ്ങൾ താമസിച്ചിരുന്ന ഊരിൽ നിന്നും (ഊരക്കോണം എന്ന ഉര്) ഏതാണ്ട് രണ്ട് മൈൽ അകലെയാണി സ്ഥലം. എല്ലാ ദിവസവും ഞങ്ങൾ സ്കൂളിൽ പോയിരുന്നത് ഈ വഴിക്കാണ്. ഉയർന്ന പ്രദേശങ്ങൾ മിക്കവാറും റബർത്തോട്ടങ്ങൾ, താഴ്ന്നവ നെല്ലും വാഴയും സമൃദ്ധമായി വളരുന്ന ദേശം. മിക്കതും മലയാളികളുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലുമുള്ളവ. കനാലിറങ്ങിക്കടന്നു ചെറിയ പാടവരമ്പിലൂടെ നടന്ന് കയറുന്നത് ഇരു വശവും വീടുകൾ തിങ്ങി നിറഞ്ഞ മൺപാതയിലൂടെയാണ്. വീടുകൾ കളിമൺ കുഴച്ചു നിർമ്മിച്ച ഭിത്തികൾ ഉള്ളവ.  വീടുകൾക്കും, മൺപാതക്കും ഒരേ നിറം. മൺപാത അവസാവിക്കുന്നതിന് മുൻപുള്ള വളവിൽ, ചെറിയ മുറ്റത്തെ പുളിമരത്തിൽ കെട്ടിയിടപ്പെട്ട കുട്ടിക്കുരങ്ങൻ കൈ നീട്ടുന്നത് എന്തെങ്കിലും കിട്ടും എന്ന ആശയിലാവണം. അവൻ്റെ നിറത്തിനും ഏതാണ്ട് മൺപാതയുടെ നിറം തന്നെ. വർഷങ്ങളായി ചങ്ങലയുടെ നീളത്തിൻ്റത്ര മാത്രം സ്വാതന്ത്ര്യം അനുഭവിച്ചതുകൊണ്ട് അങ്ങനെ രൂപാന്തരപ്പെട്ടതാവാം.

 പാതയുടെ അവസാനം ഇത്തിരി നല്ല വീടുകളുണ്ട്, സിമൻ്റിട്ട് ഇഷ്ടിക വച്ച് പണിതവ. മെയിൻ റോഡിലേക്ക് എത്താറായതിൻ്റെ സൂചനകളാണവ. വീരപ്പുലിയിലെത്തിയാൽ വീണ്ടും ഏതാണ്ട് അത്ര ദൂരം ടാറിട്ട റോഡുവഴി നടക്കണം സകൂളിലെത്താൻ. വേഗം കൂട്ടി നടത്തം തുടർന്നു.

അന്ന് ആഴ്ചയുടെ ആദ്യ ദിവസമാണെന്നാണ് ഒർമ്മ. ചെറിയ ചാറ്റൽ മഴയുണ്ട്. വീരപ്പുലിയിലെത്തി ഇടവഴിയിൽ നിന്ന് റോഡിലേക്ക് കയറുമ്പോൾ ഒരാൾക്കൂട്ടം. സാധാരണ കുത്തിക്കിലുക്കു കാരനും (ഒരു തരം ചൂതാട്ടം) നാടോടി നാടകക്കാർക്കും കിട്ടുന്ന ആൾക്കൂട്ടം. സ്വാഭാവികമായ ജിജ്ഞാസയോടെ ആൾക്കൂട്ടത്തിനിടയിലൂടെ കുത്തിത്തിരുകി കയറി ഒന്നെത്തിനോക്കി. കറുത്തു മെലിഞ്ഞ, മുഷിഞ്ഞ ചെളിപുരണ്ട നീല ഷർട്ടും വരയൻ മുണ്ടും ഇട്ട ഒരു മനുഷ്യൻ മഴ നനഞ്ഞ് കൂനി കൂടിയിരിക്കുന്നു. ആൾകൂട്ടത്തിൽ നിന്ന് ചിലർ അസഭ്യം പറയുകയും വടികൊണ്ട് തല്ലുകയും ചെയ്യുന്നു.  എന്നിട്ടും നിസ്സഹായനായി ദയനീയ സ്ഥിതിയിൽ ഇരിക്കുന്ന അയാൾ ഒന്നും മിണ്ടുന്നില്ല. എന്നിലെ നാലാം ക്ലാസ്സുകാരന് ഒന്നു മനസ്സിലായില്ല. ആരോ വീണ്ടും വീണ്ടും വിളിച്ചു പറയുന്നു വാഴക്കുലക്കള്ളൻ എന്ന്. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അയാളുടെ തൊട്ടരുകിൽ ഒരു ചെറിയ നേന്ത്രക്കുല, മോഷ്ടിച്ചതു തന്നെയാവണം. പെട്ടെന്ന് എന്തോ ഒരു മൂടൽ മനസ്സിനെ ബാധിച്ചു. ആകാംഷയോടെ നോക്കിയത്  മനസ്സിനെ മുറിപ്പെടുത്താൻ മാത്രം ദയനീയമായ നിസഹായമായ നിറഞ്ഞ കണ്ണുകളിലേക്ക്. ഞാൻ തിരിഞ്ഞ് വീണ്ടും സ്കൂളിലേക്ക് നടപ്പു തുടർന്നു. 

അയാളുടെ വേദനിപ്പിക്കുന്ന മൗനം എന്നിലേക്ക് പടർന്ന പോലെ. ആ കണ്ണും മുഖവും എൻ്റെ കുഞ്ഞു മനസ്സിൽ മായാതെ നിന്നു. ഒരു പക്ഷേ വിശന്നിട്ടു എടുത്തതാണെങ്കിലോ? അല്ലെങ്കിൽ അയാളുടെ വീട്ടിൽ ഒട്ടിയ വയറുമായി അപ്പൻ്റെ വരവു കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടെങ്കിലോ? എന്നെ ഉലച്ചത് അത് മാത്രമായിരുന്നു. സ്കൂളിൽ ഉച്ചക്കഞ്ഞിയുടെ സമയം പാത്രം പിടിച്ച് വരിനിൽക്കാൻ മനസ്സു വന്നില്ല.  കൂട്ടുകാരെല്ലാവരും സ്ഥലം പിടിക്കാൻ ഓടുന്നതും നോക്കി വരാന്തയിൽ തന്നെ നിന്നു. വെന്ത ചോറിൻ്റെയും, പരിപ്പുകറിയുടേയും വാസന വന്നിട്ടും വിശന്നില്ല. 

സകൂൾ വിട്ട് തിരികെ വരുമ്പോൾ വീരപ്പുലി ജംക്ഷനിലെ ആ മനുഷ്യൻ ഇരുന്ന സ്ഥലത്ത്  നോക്കി. ആരുമില്ലവിടെ! പിന്നീടെന്തു സംഭവിച്ചിട്ടുണ്ടാവും? പോലീസ് വന്ന് കൊണ്ടു പോയിട്ടുണ്ടാവാം. അയാളുടെ കുഞ്ഞുങ്ങൾ കാത്തിരിക്കുന്നുണ്ടാവുമോ? അവരുടെ വിശപ്പു മാറിയിട്ടുണ്ടാവുമോ? ഒരു വാഴക്കുലക്ക് കുറേ മനുഷ്യ ജീവിതങ്ങളെക്കാൾ, അവരുടെ വിശപ്പിനേക്കാൾ വിലയുണ്ടാവുമോ? മോഷ്ടിക്കുന്നത് തെറ്റാണെന്നറിയാവുന്ന  പ്രായമാണ് അന്ന്, പക്ഷേ ആ ആൾക്കൂട്ടത്തോട് വെറുപ്പു തോന്നി.

മുപ്പത് വർഷങ്ങൾക്ക് മുമ്പ് കണ്ട മുഖങ്ങളാണത് ! മനുഷ്യന് മാറ്റമൊന്നുമില്ല. കാലങ്ങൾക്കിപ്പുറം, വിശന്നുവലഞ്ഞ മധുവിൻ്റെ മുഖത്തിനും, തല്ലിക്കൊന്ന ആൾക്കൂട്ടത്തിനും അതേ ഛായ തന്നെ!

Santhosh Dominic Thundathil

Tuesday, 5 March 2019

ഒരുങ്ങാം നോമ്പുകാലമായി



കുരിശ്ശിലെ സ്നേഹാർപ്പണത്തിൻ്റെ നേർക്കാഴ്ച്ചയായി അൻപത് നോമ്പ്  ആരംഭിക്കുകയാണ്. സ്നേഹത്തോടെ എൻ്റെ ഹൃദയ വിചാരങ്ങളെ നോക്കി കാണേണ്ട സമയമാണിത്. ഹൃദയ വിചാര വികാരങ്ങൾക്ക് കടിഞ്ഞാണിടാത്ത കേവല മാംസ, മത്സ്യ ഒഴിവാക്കലുകളിൽ ഒതുങ്ങിക്കൂടുന്ന അൻപത് നോമ്പുകൾ ഈസ്റ്റർ ദിനത്തിൻ്റെ ആഘോഷങ്ങളെ ഉറ്റുനോക്കി മാത്രമുള്ളതായി മാറാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ എന്ന വ്യക്തിയെ, എൻ്റെ സ്വഭാവത്തെ, എൻ്റെ ബന്ധങ്ങളെ, എൻ്റെ പ്രലോഭനങ്ങളെ, എൻ്റെ പ്രവൃത്തിയെ (മറ്റുള്ളവർ കാണുന്നതും, കാണാത്തതുമായ) കൃത്യമായി പ്രാർത്ഥനയോടെയും വിവേചനത്തോടെയും കാണുവാനും എൻ്റെ കണ്ണിൻ്റെയും ശരീരത്തിൻ്റെയും പ്രലോഭനങ്ങളെ കടിഞ്ഞാണിടാനും ഈ നോമ്പുകാലം ഉപയോഗിക്കാം. 

നമ്മിലേക്ക് ഒന്നു ആഴത്തിൽ നോക്കിയാൽ പലതരത്തിലുള്ള വ്യക്തിത്വങ്ങളെ കാണാൻ സാധിക്കും. ചില വ്യക്തിത്വങ്ങളെങ്കിലും മറ്റാരും കണ്ടിട്ടില്ലാത്ത എൻ്റെ സ്വകാര്യ നിമിഷങ്ങളിൽ മാത്രമുള്ള എൻ്റെ പ്രലോഭനങ്ങളെ പിന്താങ്ങുന്നുവ മാത്രമല്ലേ? ഒഴിവാക്കാവുന്ന കൂട്ടിച്ചേർക്കലുകൾ മാത്രമല്ലേ അവ? ഈ വലിയ നോമ്പിൽ ഈ ചെറു ചിന്തയോടെ  എൻ്റെ പ്രലോഭനങ്ങളെ ചെറുത്തു തോൽപ്പിക്കാൻ, അതിലേക്ക് വഴിവെയ്ക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കാൻ തിരുമാനിക്കാമോ? നാൽപതു രാവും പകലും ഉപവസിച്ചെത്തിയവൻ്റെ മുമ്പിൽ പ്രലോഭനങ്ങളുമായെത്തി കല്ലുകളെ അപ്പമാക്കി ഭക്ഷിക്കാൻ പറഞ്ഞ വക്രബുദ്ധി ഇന്നും മറ്റുപല വിധത്തിലുള്ള പ്രലോഭന സാഹചര്യങ്ങളുമായി നമ്മെ കറക്കി വീഴ്ത്താൻ നമുക്കു ചുറ്റുമുണ്ട് എന്ന് ഓർക്കണം. കാനായിൽ പച്ചവെള്ളം ഗുണമേൻമയുള്ള ഒന്നാന്തരം വിഞ്ഞാക്കി മാറ്റിയ 30 വയസുകാരൻ യുവാവിന് കല്ലുകളെ അപ്പമാക്കാൻ അറിയാഞ്ഞിട്ടല്ല, ദൈവഹിതമല്ലെന്ന അറിവിൽ വേണ്ടെന്ന് വച്ചതാണ്. അത്തരം വേണ്ടെന്ന് വെക്കലുകളാവട്ടെ നമ്മുടെ ഈ നോമ്പ്. 

 *ശരീരം* 
എൻ്റെ ശരീരം ഞാൻ ആഗ്രഹിക്കാത്ത തിൻമകൾക്ക് അടിമപ്പെടുന്നുണ്ടോ? എങ്കിൽ അതിൽ നിന്നുള്ള മോചനത്തിനായി ഈ നോമ്പുകാലത്ത് നോമ്പാചരിക്കാം. അതിനായി തെറ്റുകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ വിവേകത്തോടെ ഒഴിവാക്കാം.

 *പ്രണയം* 
പ്രണയത്തോടെ തൻ്റെ ഇണയെ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിനക്കായി കരുതപ്പെട്ടിരിക്കുന്ന നിൻ്റെ പങ്കാളിക്കു വേണ്ടി നിൻ്റെ ശരീരവും മനസും വിശുദ്ധമായി കാത്തു സൂക്ഷിക്കുന്ന അൻപത് നോമ്പാവട്ടെ ഇത്തവണ.

 *ലഹരി* 
ലഹരി വിഷവും വിഷമവുമാണെന്ന് അറിയാമായിട്ടും അതിനടിമയായി ജീവിക്കുന്നവനാണോ? നിൻ്റെ രക്തത്തിലെ ലഹരിയുടെ അംശം നിൻ്റെ വരുംതലമുറയെ ഭീതികരമായി ബാധിക്കുമെന്ന തിരിച്ചറിവോടെ അത്തരം സാഹചര്യങ്ങളെ ഒഴിവാക്കി ഈ നോമ്പിൻ്റെ ലഹരിയിലേക്ക് കടക്കാം.

 *കൗമാരം* 
കൗമാരത്തിൻ്റെ ആവേശങ്ങളിലേക്ക് പടക്കുതിരയുടെ ബലത്തോടെ ഓടിയടുക്കാൻ വെമ്പൽ കൊള്ളുന്ന കൗമാരത്തിലാണോ നീ? എന്നാൽ നിനക്കായി ഒരുക്കപ്പെട്ടിരിക്കുന്ന ചതിക്കുഴികൾ മനസ്സിലാക്കി അതിൽ നിന്നും വഴിമാറി സഞ്ചരിക്കുന്ന, അപ്പനെയും അമ്മയെയും അവരുടെ പ്രയത്നങ്ങളെയും വിലമതിക്കുകയും ചെയ്യുന്ന നോമ്പാചരണമാണ് നിനക്കാവശ്യം. പ്രായമായവരുടെ ജ്ഞാനവസുകൾക്ക് ചെവിയോർക്കാൻ ധൈര്യപ്പെടുന്ന ചങ്കുറപ്പുള്ള കൗമാരക്കാരനായി ഈ നോമ്പാചരിക്കാം.

 *ചങ്ക് ( യൗവ്വനം)* 
എന്തിനും ഏതിനും ചങ്കുകളുള്ള കാലം. സൗഹൃദങ്ങൾക്ക് ചങ്കിൻ്റെ സ്ഥാനം. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് എനിക്കും നിനക്കും വേണ്ടി കുരിശിൽ ചങ്കുപിളർക്കപ്പെട്ടവൻ്റെ സ്നേഹത്തിനു മുൻപിൽ അവൻ്റെ ചങ്കായി ആ കുരിശിൻ ചുവട്ടിൽ അവനോട് ചേർന്ന് നിൽക്കാൻ ഈ നോമ്പ് കാരണമാവട്ടെ. ഈ നോമ്പ് കാൽവരിയിൽ പിടഞ്ഞ ചങ്കിനായി നീക്കി വക്കാം.

 *ദേഷ്യം* 
ആവശ്യമില്ലാതെയും ആവശ്യത്തിലധികവും സംസാരിക്കുന്നതും, മറ്റുള്ളവർ കുറവുകൾ ഉള്ളവരാണന്നും, ഞാനും മാനുഷികമായ കുറവുകൾ ഉള്ളവനാണെന്നും മനസ്സിലാക്കാതെ കടിഞ്ഞാണില്ലാതെ മുന്നോട്ടു പോകുന്ന പ്രവൃത്തി ദേഷ്യത്തിനു വഴിതെളിക്കും.  ഈ നോമ്പിൽ നല്ല സംസാരവും, ക്രമമുള്ള ഇടപഴകലുകളും നമ്മെ പ്രകാശിപ്പിക്കട്ടെ!

 *ഉയിർപ്പിലേക്ക്* 
ഉയിർപ്പിൻ്റെ ലഹരി പോത്തിലും, പോർക്കിലും, ബ്രോയിലർ ചിക്കനിലും മാത്രമൊതുക്കാതെ, ചോര ചിന്തി രക്ഷാകര ദൗത്യം പൂർത്തിയാക്കിയ ക്രിസ്തുവെന്ന കുഞ്ഞാടിൻ്റെ ബലിയിലൂടെയാവട്ടെ! അൻപത് ദിവസത്തെ വിശുദ്ധിയുടെ, പ്രാർത്ഥനയുടെ, ക്ഷമയുടെ, അനുസരണത്തിൻ്റെ, ആശയടക്കത്തിൻ്റെ വിട്ടുവീഴചകളുടെ, അനുതാപത്തിൻ്റെ എല്ലാറ്റിലും ഉപരി സ്നേഹപൂർണമായ ഒരുക്കത്തോടെ ഉയിർപ്പിൻ്റെ ബലിയിലേക്ക് എത്തിച്ചേരാം. 

 *കടുകുമണി:* നോമ്പെടുക്കാത്തയാളുടെ ഇറച്ചിക്കടയിലേക്കുള്ള ഇടിച്ചുകയറ്റം നോമ്പുവീടൽ എന്ന പേരിൽതന്നെ. പാവം തൂങ്ങിയാടുന്ന പോത്തിനു വിഷമമായത്രേ!

March 03, 2019 ( 03:00 pm)
(ലേഖകൻ: സന്തോഷ് ഡൊമിനിക്ക് തുണ്ടത്തിൽ)