Tuesday, 5 March 2019

ഒരുങ്ങാം നോമ്പുകാലമായി



കുരിശ്ശിലെ സ്നേഹാർപ്പണത്തിൻ്റെ നേർക്കാഴ്ച്ചയായി അൻപത് നോമ്പ്  ആരംഭിക്കുകയാണ്. സ്നേഹത്തോടെ എൻ്റെ ഹൃദയ വിചാരങ്ങളെ നോക്കി കാണേണ്ട സമയമാണിത്. ഹൃദയ വിചാര വികാരങ്ങൾക്ക് കടിഞ്ഞാണിടാത്ത കേവല മാംസ, മത്സ്യ ഒഴിവാക്കലുകളിൽ ഒതുങ്ങിക്കൂടുന്ന അൻപത് നോമ്പുകൾ ഈസ്റ്റർ ദിനത്തിൻ്റെ ആഘോഷങ്ങളെ ഉറ്റുനോക്കി മാത്രമുള്ളതായി മാറാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ എന്ന വ്യക്തിയെ, എൻ്റെ സ്വഭാവത്തെ, എൻ്റെ ബന്ധങ്ങളെ, എൻ്റെ പ്രലോഭനങ്ങളെ, എൻ്റെ പ്രവൃത്തിയെ (മറ്റുള്ളവർ കാണുന്നതും, കാണാത്തതുമായ) കൃത്യമായി പ്രാർത്ഥനയോടെയും വിവേചനത്തോടെയും കാണുവാനും എൻ്റെ കണ്ണിൻ്റെയും ശരീരത്തിൻ്റെയും പ്രലോഭനങ്ങളെ കടിഞ്ഞാണിടാനും ഈ നോമ്പുകാലം ഉപയോഗിക്കാം. 

നമ്മിലേക്ക് ഒന്നു ആഴത്തിൽ നോക്കിയാൽ പലതരത്തിലുള്ള വ്യക്തിത്വങ്ങളെ കാണാൻ സാധിക്കും. ചില വ്യക്തിത്വങ്ങളെങ്കിലും മറ്റാരും കണ്ടിട്ടില്ലാത്ത എൻ്റെ സ്വകാര്യ നിമിഷങ്ങളിൽ മാത്രമുള്ള എൻ്റെ പ്രലോഭനങ്ങളെ പിന്താങ്ങുന്നുവ മാത്രമല്ലേ? ഒഴിവാക്കാവുന്ന കൂട്ടിച്ചേർക്കലുകൾ മാത്രമല്ലേ അവ? ഈ വലിയ നോമ്പിൽ ഈ ചെറു ചിന്തയോടെ  എൻ്റെ പ്രലോഭനങ്ങളെ ചെറുത്തു തോൽപ്പിക്കാൻ, അതിലേക്ക് വഴിവെയ്ക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കാൻ തിരുമാനിക്കാമോ? നാൽപതു രാവും പകലും ഉപവസിച്ചെത്തിയവൻ്റെ മുമ്പിൽ പ്രലോഭനങ്ങളുമായെത്തി കല്ലുകളെ അപ്പമാക്കി ഭക്ഷിക്കാൻ പറഞ്ഞ വക്രബുദ്ധി ഇന്നും മറ്റുപല വിധത്തിലുള്ള പ്രലോഭന സാഹചര്യങ്ങളുമായി നമ്മെ കറക്കി വീഴ്ത്താൻ നമുക്കു ചുറ്റുമുണ്ട് എന്ന് ഓർക്കണം. കാനായിൽ പച്ചവെള്ളം ഗുണമേൻമയുള്ള ഒന്നാന്തരം വിഞ്ഞാക്കി മാറ്റിയ 30 വയസുകാരൻ യുവാവിന് കല്ലുകളെ അപ്പമാക്കാൻ അറിയാഞ്ഞിട്ടല്ല, ദൈവഹിതമല്ലെന്ന അറിവിൽ വേണ്ടെന്ന് വച്ചതാണ്. അത്തരം വേണ്ടെന്ന് വെക്കലുകളാവട്ടെ നമ്മുടെ ഈ നോമ്പ്. 

 *ശരീരം* 
എൻ്റെ ശരീരം ഞാൻ ആഗ്രഹിക്കാത്ത തിൻമകൾക്ക് അടിമപ്പെടുന്നുണ്ടോ? എങ്കിൽ അതിൽ നിന്നുള്ള മോചനത്തിനായി ഈ നോമ്പുകാലത്ത് നോമ്പാചരിക്കാം. അതിനായി തെറ്റുകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ വിവേകത്തോടെ ഒഴിവാക്കാം.

 *പ്രണയം* 
പ്രണയത്തോടെ തൻ്റെ ഇണയെ കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിനക്കായി കരുതപ്പെട്ടിരിക്കുന്ന നിൻ്റെ പങ്കാളിക്കു വേണ്ടി നിൻ്റെ ശരീരവും മനസും വിശുദ്ധമായി കാത്തു സൂക്ഷിക്കുന്ന അൻപത് നോമ്പാവട്ടെ ഇത്തവണ.

 *ലഹരി* 
ലഹരി വിഷവും വിഷമവുമാണെന്ന് അറിയാമായിട്ടും അതിനടിമയായി ജീവിക്കുന്നവനാണോ? നിൻ്റെ രക്തത്തിലെ ലഹരിയുടെ അംശം നിൻ്റെ വരുംതലമുറയെ ഭീതികരമായി ബാധിക്കുമെന്ന തിരിച്ചറിവോടെ അത്തരം സാഹചര്യങ്ങളെ ഒഴിവാക്കി ഈ നോമ്പിൻ്റെ ലഹരിയിലേക്ക് കടക്കാം.

 *കൗമാരം* 
കൗമാരത്തിൻ്റെ ആവേശങ്ങളിലേക്ക് പടക്കുതിരയുടെ ബലത്തോടെ ഓടിയടുക്കാൻ വെമ്പൽ കൊള്ളുന്ന കൗമാരത്തിലാണോ നീ? എന്നാൽ നിനക്കായി ഒരുക്കപ്പെട്ടിരിക്കുന്ന ചതിക്കുഴികൾ മനസ്സിലാക്കി അതിൽ നിന്നും വഴിമാറി സഞ്ചരിക്കുന്ന, അപ്പനെയും അമ്മയെയും അവരുടെ പ്രയത്നങ്ങളെയും വിലമതിക്കുകയും ചെയ്യുന്ന നോമ്പാചരണമാണ് നിനക്കാവശ്യം. പ്രായമായവരുടെ ജ്ഞാനവസുകൾക്ക് ചെവിയോർക്കാൻ ധൈര്യപ്പെടുന്ന ചങ്കുറപ്പുള്ള കൗമാരക്കാരനായി ഈ നോമ്പാചരിക്കാം.

 *ചങ്ക് ( യൗവ്വനം)* 
എന്തിനും ഏതിനും ചങ്കുകളുള്ള കാലം. സൗഹൃദങ്ങൾക്ക് ചങ്കിൻ്റെ സ്ഥാനം. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് എനിക്കും നിനക്കും വേണ്ടി കുരിശിൽ ചങ്കുപിളർക്കപ്പെട്ടവൻ്റെ സ്നേഹത്തിനു മുൻപിൽ അവൻ്റെ ചങ്കായി ആ കുരിശിൻ ചുവട്ടിൽ അവനോട് ചേർന്ന് നിൽക്കാൻ ഈ നോമ്പ് കാരണമാവട്ടെ. ഈ നോമ്പ് കാൽവരിയിൽ പിടഞ്ഞ ചങ്കിനായി നീക്കി വക്കാം.

 *ദേഷ്യം* 
ആവശ്യമില്ലാതെയും ആവശ്യത്തിലധികവും സംസാരിക്കുന്നതും, മറ്റുള്ളവർ കുറവുകൾ ഉള്ളവരാണന്നും, ഞാനും മാനുഷികമായ കുറവുകൾ ഉള്ളവനാണെന്നും മനസ്സിലാക്കാതെ കടിഞ്ഞാണില്ലാതെ മുന്നോട്ടു പോകുന്ന പ്രവൃത്തി ദേഷ്യത്തിനു വഴിതെളിക്കും.  ഈ നോമ്പിൽ നല്ല സംസാരവും, ക്രമമുള്ള ഇടപഴകലുകളും നമ്മെ പ്രകാശിപ്പിക്കട്ടെ!

 *ഉയിർപ്പിലേക്ക്* 
ഉയിർപ്പിൻ്റെ ലഹരി പോത്തിലും, പോർക്കിലും, ബ്രോയിലർ ചിക്കനിലും മാത്രമൊതുക്കാതെ, ചോര ചിന്തി രക്ഷാകര ദൗത്യം പൂർത്തിയാക്കിയ ക്രിസ്തുവെന്ന കുഞ്ഞാടിൻ്റെ ബലിയിലൂടെയാവട്ടെ! അൻപത് ദിവസത്തെ വിശുദ്ധിയുടെ, പ്രാർത്ഥനയുടെ, ക്ഷമയുടെ, അനുസരണത്തിൻ്റെ, ആശയടക്കത്തിൻ്റെ വിട്ടുവീഴചകളുടെ, അനുതാപത്തിൻ്റെ എല്ലാറ്റിലും ഉപരി സ്നേഹപൂർണമായ ഒരുക്കത്തോടെ ഉയിർപ്പിൻ്റെ ബലിയിലേക്ക് എത്തിച്ചേരാം. 

 *കടുകുമണി:* നോമ്പെടുക്കാത്തയാളുടെ ഇറച്ചിക്കടയിലേക്കുള്ള ഇടിച്ചുകയറ്റം നോമ്പുവീടൽ എന്ന പേരിൽതന്നെ. പാവം തൂങ്ങിയാടുന്ന പോത്തിനു വിഷമമായത്രേ!

March 03, 2019 ( 03:00 pm)
(ലേഖകൻ: സന്തോഷ് ഡൊമിനിക്ക് തുണ്ടത്തിൽ)

No comments:

Post a Comment