പേരുകൾ കേൾക്കുമ്പോൾ ഒരു പക്ഷേ മനഷ്യരാണെന്ന് തോന്നിയേക്കാം, പക്ഷേ ഇവയെല്ലാം ഞങ്ങൾ വളർത്തിയിരുന്ന നായകളുടെ പേരാണ്. രാജൻ വെളുത്ത് നീണ്ട നായയായിരുന്നു. അവനെക്കുറിച്ച് വളരെ ചെറിയ ഓർമ്മകളെ എനിക്കുള്ളൂ. പപ്പയുടെ ബുള്ളറ്റിൻ്റെ ശബ്ദം ദൂരെ നിന്ന് തന്നെ അവന് മനസ്സിലാവുമായിരുന്നു എന്നും, ഉറക്കെക്കുരച്ചു കൊണ്ട് ശബ്ദം ലക്ഷ്യമാക്കി ഓടുമായിരുന്നു എന്നും അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. മാർത്താണ്ഡത്തെ എസ്റ്റേറ്റിൽ നിന്ന് സ്ഥലം മാറി അരുമനല്ലൂർക്ക് പോന്നപ്പോൾ രാജനെ അവിടെ വിട്ടു പോന്നു. പുതിയ സ്ഥലത്തെ വാടക വീട്ടിൽ അവനെ വളർത്താൻ ബുദ്ധിമുട്ടായതിനാലാവാം അതിനെ കൂടെ കൂട്ടാഞ്ഞത്. പിന്നെ എന്തു പറ്റിയെന്ന് അറിവില്ല. ആരുടെയെങ്കിലും കൂടെ കാവൽ കിടന്ന് ജീവിച്ചിട്ടുണ്ടാവാം ശിഷ്ടകാലം.
കട്ടയാൻ
"കട്ടയാൻ" എന്നാൽ പൊക്കം കുറഞ്ഞവൻ എന്നാണർത്ഥം. റൂബിയുടെ ഒരു പ്രസവത്തിലുണ്ടായ ഒറ്റക്കുട്ടിയായിരുന്നു അവൻ. നല്ല ഉശിരുള്ളവൻ. വേട്ടക്കാരൻ! ഞങ്ങളുടെ കൂടെ സദാ സമയവും ഉണ്ടാവും. ഒരിക്കൽ അവൻ്റെ കൈ കാട്ടുപന്നി കടിച്ചൊടിച്ചിട്ടുണ്ട്. കൂട്ടമായി വരുന്ന കാട്ടുപന്നികളുടെ ഇടയിൽ കയറി ഒരു പന്നിക്കുട്ടിയെ പിടിച്ചതിന് തള്ളപന്നിയിൽ നിന്ന് കിട്ടിയ സമ്മാനം. ഞങ്ങൾതന്നെ തടി സ്കെയിൽ ഉപയോഗിച്ച് കെട്ടിവിട്ടു. കുറേ നാളുകൾ കൊണ്ട് അത് സുഖപ്പെടുകയും ചെയ്തു. ഇടക്കെപ്പഴോ കട്ടയാൻ്റെ ഒരു കണ്ണിനു പരുക്കു പറ്റി കാഴ്ച്ച നഷ്ടപ്പെട്ടു. അന്ന് വേലിക്ക് പകരം വലിയ മുള്ളുള്ള കറ്റാർവാഴകളാണ് അതിരുകളിൽ വച്ചു പിടിപ്പിച്ചിരുന്നത്. ആ മുള്ളു കൊണ്ട് കണ്ണു പോയതാണ്. ഒരു കണ്ണിനെ കാഴ്ച്ചയുള്ളെങ്കിലും മിടുക്കനായിരുന്നു. സ്ഥലം മാറി കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടപ്പോൾ അവനെ ആർക്കോ കൊടുത്തു. രാജൻ്റെ അവസ്ഥ തന്നെ അവനും വന്നിട്ടുണ്ടാവും.
റൂബി
റൂബി എല്ലാവരുടെയും പ്രിയപ്പെട്ട നായക്കുട്ടിയായിരുന്നു. പരിചയമില്ലാത്ത ആരു വന്നാലും അവളുടെ അനുവാദം കൂടാതെ വീടിൻ്റെ വളപ്പിൽ പ്രവേശിക്കുവാൻ സാധിക്കില്ല. പൊതുവെ വളരെ ശാന്ത സ്വഭാവമുള്ള അവളുടെ ദേഷ്യം കാണണമെങ്കിൽ പുറത്തു നിന്ന് ആരെങ്കിലും പറമ്പിൽ കയറണം. അങ്ങനെ ശ്രമിച്ച ആരും പിന്നീടാവഴി വന്നിട്ടുമില്ല. അത്രക്കുണ്ട് അവളുടെ ശൗര്യം. നായ എന്നതിലുപരി വീട്ടിലെ ഒരു അംഗമായിരുന്നു റൂബി. എല്ലാ പ്രസവത്തിലും അവൾക്ക് രണ്ട് കുട്ടികളിൽ കൂടുതൽ കണ്ടിട്ടില്ല. അവസാനത്തെ ഒഴികെ.
അന്ന് ഞങ്ങളുടെ വീട്, കശുമാവും, റബറും, മാവുമൊക്കെയുള്ള നാലേക്കർ പുരയിടത്തിലാണ്. റൂബി പുരയിടത്തിൻ്റെ അതിർത്തികൾ കൃത്യമായറിയുന്നത് എങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷേ മനുഷ്യരുടെ ഗന്ധം കൃത്യമായി അറിയാവുന്നത് കൊണ്ട്, ഞങ്ങൾ പെരുമാറുന്ന സ്ഥലങ്ങൾ മനസിലാക്കിയാവാം ഈ കൃത്യത. ധാരാളം കുറുക്കൻമാരും, കാട്ടുപൂച്ചകളുമൊക്കെയുള്ള സ്ഥലമായതിനാൽ കോഴിക്കൂടിന് വലിയ സംരക്ഷണം റൂബിയായിരുന്നു. ഒരു സാധാരണ നായയുടെ രണ്ടിരട്ടി വലുപ്പമുള്ള കാട്ടുപൂച്ചകളെയാണ് മിക്കവാറും കണ്ടിട്ടുള്ളത്. എതിർക്കാൻ ചെന്നാൽ കൈയ്യുയർത്തി നായയുടെ മുഖത്തടിക്കും, വലിയ കൂർത്ത നഖങ്ങൾ അപകടകരമാണ് താനും. എങ്കിലും അവയെ എതിർക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.
അവസാനമായി അവൾക്ക് നാലു കുട്ടികളുണ്ടായി. ആദ്യമായിട്ടാണ് രണ്ടിൽ കൂടുതൽ ഉണ്ടായത്. അത് അവളെ അനാരോഗ്യത്തിലേക്ക് തള്ളിയിട്ടു എന്നു വേണം കരുതാൻ. വളരെ അവശതയിൽ അവൾ നടക്കുന്നത് കണ്ടു. സമീപത്തുള്ള ഒരു പറമ്പിലെ പണി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡിലായിരുന്നു കുഞ്ഞുങ്ങൾ. പിറ്റേ ദിവസം പറമ്പിൻ്റെ അങ്ങേ വശത്ത് തീർത്ത് അവശതയിൽ റൂബി കിടക്കുന്നത് ഞങ്ങൾ കുട്ടികൾ കുറേ നേരം നോക്കി നിന്നു. അധികം താമസിക്കാതെ അത് ചത്തുപോകുമെന്ന് ഞങ്ങൾക്ക് മനസിലായി. സന്ധ്യവരെ അനങ്ങാൻ വയ്യാതെ അവിടെത്തന്നെ കിടന്നു. അന്നു തന്നെ അത് ചത്തുപോകുമെന്ന് മനസസിലായിരുന്നു.
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ നായ കിടത്തിരുന്ന സ്ഥലത്തേക്കെത്തി. പക്ഷേ റൂബി അവിടെയില്ലായിരുന്നു. തൊട്ടടുത്ത പിച്ചിപ്പൂന്തോട്ടത്തിലും, വലിയ പള്ളിമരച്ചോട്ടിലും എല്ലാം നോക്കി, പക്ഷേ എവിടെയും കണ്ടില്ല. അവൾക്കെന്തു പറ്റി എന്ന് ഞങ്ങൾ അലോചിച്ചിട്ട് ഒരെത്തു പിടിയുമില്ല. കുറേയേറെ നേരം ഞങ്ങൾ തിരഞ്ഞു സ്ഥലമുണ്ടായില്ല. തിരികെ വരുന്ന വഴിക്ക് നായ് കുട്ടികൾ കിടക്കുന്ന ഷെഡിലെത്തിയഞങ്ങൾ അമ്പരന്നു! റൂബി അത്രയും ദൂരം താണ്ടി കുഞ്ഞുങ്ങളുടെയടുത്ത് ആ രാത്രിയിൽ എത്തിയിരിക്കുന്നു. കുഞ്ഞുങ്ങൾ തകൃതിയിൽ പാൽ കുടിക്കുന്നുണ്ട്. അടുത്തുചെന്ന എൻ്റെ ഉള്ളൊന്നു പിടഞ്ഞു ജീവനില്ലാത്ത റൂബിയാണത്. അവശയാണെങ്കിലും എപ്പോഴോ കുഞ്ഞുങ്ങളുടെ അടുത്തെത്തി പാൽ ചുരത്തിയിരിക്കുന്നു. ജീവജാലങ്ങളേ തായാലും മാതൃത്വത്തിൻ്റെ ആഴം അളക്കാൻ പറ്റാത്തതാണെന്നു അന്നു മനസ്സിലായി. ജീവൻ വെടിഞ്ഞിട്ടും കുഞ്ഞുങ്ങൾക്കായ് പാൽ ചുരത്തുന്ന മാതൃത്വത്തിൻ്റെ വാത്സല്യം ഇന്നും തെളിവോടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
നായകളുടെ കഥ ഇവിടെ അവസാനിക്കുന്നു. പിന്നീടൊരിക്കലും ഞങ്ങൾ നായകളെ വളർത്തിയിട്ടില്ല.
No comments:
Post a Comment